കഴിഞ്ഞ കുറച്ചു നാളുകളായി "തുമ്പും വാലും മാത്രം"മനസിലാക്കി നമ്മളിൽ പലരും ചർച്ച ചെയ്യുന്ന കേസാണ് "മരടിലെ ഫ്ലാറ്റ് പൊളിക്കൽ". അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ മാറാട് ഫ്ലാറ്റ് കേസിനെക്കുറിച്ച് വ്യക്തതയോടെ അറിയേണ്ടതെല്ലാം.
എന്താണ് മരട് ഫ്ലാറ്റ് കേസ്?❓
👉എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴിൽ വരുന്ന ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ടുമെന്റ്, ആൽഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ തീരദേശ നിയമം ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി നൽകിയ പരാതിയാണ് കേസിനു ആസ്പദം. നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം ഈ അഞ്ചു ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഏതുതരത്തിലുള്ള നിയമ ലംഘനമാണ് ഫ്ലാറ്റുകൾ നടത്തിയത് ?❓ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് ?❓
👉2006 ൽ മരട് ഗ്രാമ പഞ്ചായത്ത് ഫ്‌ളാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകുന്നു ഫ്‌ളാറ്റുകളുടെ നിർമ്മാണം ആരംഭിക്കുന്നു.
👉നിർമ്മാണ ഘട്ടത്തിൽത്തന്നെ പഞ്ചായത്ത് വിജിലൻസ് നിയമലംഘനങ്ങൾ കണ്ടെത്തുന്നു.
👉കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) യുടെ അനുമതിയില്ലാതെയാണ് തീരദേശത്ത് ഫ്ലാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയത് എന്നതായിരുന്നു വിജിലൻസ് കണ്ടെത്തൽ.
👉തുടർന്ന് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) ഫ്ലാറ്റ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ട്സ് നൽകുന്നു. ഫ്ലാറ്റുകൾ പൊളിച്ചു നീക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെടുന്നു.
👉എന്നാൽ മറുപടി നൽകാതെ ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകി അനുകൂല വിധി സമ്പാദിക്കുന്നു.
👉സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നു. ഡിവിഷൻ ബെഞ്ചും ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായ വിധി നൽകുന്നു.
👉തുടർന്ന് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) കേരള ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകുന്നു. എന്നാൽ അതും ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായി തള്ളുന്നു.
👉ഇതിനിടയിൽ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി അഥവാ നഗരസഭയായി ഉയർത്തപ്പെടുന്നു
👉ഹൈകോടതിയിൽനിന്നും നിയമപരമായ സംരക്ഷണംലഭിക്കാത്ത കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.
👉വിശദമായ വാദം കേട്ട ശേഷം മെയ് 8 , 2019 നു മരടിൽ നിര്‍മ്മിച്ച അഞ്ച് പാര്‍പ്പിട സമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിക്കുന്നു.
ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധിക്ക് ശേഷം എന്താണ് സംഭവിച്ചത് ? ❓
👉അതിനു ശേഷം കൂടുതൽ ഹര്‍ജികൾ എത്തിയതോടെ വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ സ്വമേധയാ കേസ് പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞപ്പോൾ അത്തരം മുടന്തൻ ന്യായങ്ങളൊന്നും പറയേണ്ടെന്നായിരുന്നു അന്ന് ജസ്റ്റിസ് മിശ്രയുടെ മറുപടി.
വിധി മറികടക്കാൻ ഫ്ലാറ്റ് ഉടമകൾക്ക് എന്താണ് ചെയ്തത് ?❓
👉സുപ്രീംകോടതി വിധി ഈ രാജ്യത്തെ അന്തിമമായ തീർപ്പുകൽപ്പികൾ ആയതിനാൽ വിധിക്കെതിരെ റിവ്യൂ ഹര്ജികൾ നൽകുക എന്നതായിരുന്നു ഫ്ലാറ്റ് ഉടമകുളുടെ മുൻപിലുണ്ടായിരുന്ന ഏക മാർഗ്ഗം. എന്നാൽ ഫ്ലാറ്റ് ഉടമകൾ നൽകിയ റിവ്യൂ ഹര്ജികൾ സുപ്രീംകോടതി തള്ളുകയും. ഫ്ലാറ്റുകൾ ഉടൻ പൊളിച്ചു നീക്കി റിപ്പോർട്ട് നല്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഫ്ളാറ്റിലെ താമസക്കാർക്ക് നീതി കിട്ടില്ലേ ?❓
👉Caveat Emptor (let the buyer beware) മേടിക്കുന്നയാൾ സൂക്ഷിക്കുക /ഉത്തരവാദിത്വപ്പെടുക എന്നർത്ഥം അതായത് ഒരു വസ്തുവോ സേവനമോ മേടിക്കുമ്പോൾ അതിന്റെ എല്ലാവിധ റിസ്‌ക്കുകളെക്കുറിച്ചും മേടിക്കുന്ന ഉപഭോക്താവ് അറിഞ്ഞിരിക്കണമെന്നാണ് നിയമം പറയുന്നത്. തെറ്റായതോ, മിസ്ലീഡ് ചെയ്യുന്നതോ ആയ വിവരങ്ങൾ തന്ന് വിൽപനക്കാർ വഞ്ചിച്ചാൽ മാത്രമേ ആ ഉത്തരവാദിത്വം വില്പന നടത്തുന്ന ആൾക്ക് ഉണ്ടാകുകയുള്ളു.
എന്നാൽ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട വിധിയൊടൊപ്പം ഫ്ളാറ്റിലെ താമസക്കാർക്ക് അവരുടെ നഷ്ടം ലഭിക്കുന്നതിനായി ട്രിബ്യുണലിനെയും, അധികാരപരിധിയിലുള്ള സിവിൽ കോടതികളെയും സമീപിക്കാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എന്താണ് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) ? ❓
👉Indian Council for Enviro-Legal Action v. Union of India എന്ന കേസിലെ സുപ്രീംകോടതി വിധി അനുസരിച്ച് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം തീരദേശ സംരക്ഷണത്തിനായി രൂപീകരിച്ച അതോറിറ്റിയാണ് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി (CZMA) . Coastal Regulation Zones (shortened as 'CRZ') അഥവാ കോസ്റ്റൽ റെഗുലേഷൻ സോണുകളിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായി തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം അതോറിറ്റിക്കാണ്.
തീരദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റിയുടെ അനുമതി ആവശ്യമാണോ ?❓
👉Coastal Zone Management Plan (shortened as 'Coastal Zone Plan') അനുസരിച്ച് മാത്രമാണ് തീരദേശങ്ങളിൽ നിർമ്മാണം നടത്താൻ പാടുള്ളൂ. ഏതു പ്രദേശത്താണോ നിർമ്മാണം നടത്തുന്നത് അതാത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ നിർമ്മാണത്തിനുള്ള പെർമിറ്റ് /അനുമതി നൽകാൻ പാടുള്ളൂ.
ഫ്ളാറ്റുകൾക്ക് പെർമിറ്റ് നൽകുന്നതിന് മുൻപ് മരട് പഞ്ചായത്ത് / നഗരസഭാ അത്തരം അനുമതി വാങ്ങിയിട്ടുണ്ടോ ?❓
👉ഇല്ല. അതുകൊണ്ടുതന്നെ Coastal Regulation Zones (shortened as 'CRZ' 3 ൽ വരുന്ന പ്രദേശങ്ങളിൽ നിർമ്മാണ അനുമതി നൽകിയത് തീർത്തും നിയമവിരുദ്ധമായാണ്.
എന്താണ് CRZ 3 ? ❓
👉തീരദേശ സംരക്ഷണ നിയമ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിരോധിച്ച മേഖലകളെയാണ് CRZ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മരട് പഞ്ചായത്ത് നഗരസഭയായി ഉയർത്തിയപ്പോൾ CRZ 3 എന്നത് CRZ 2 ആയി റീ നോട്ടിഫൈ ചെയ്‌തെന്നും അതുകൊണ്ട് CRZ 2 കാറ്റഗറിയിൽ നിർമ്മാണം അനുവദനീയമാണെന്നുമുള്ള വാദത്തിലെ യാഥാർഥ്യമെന്താണ് ? ❓
👉ഈ വാദത്തിലെ യാഥാർഥ്യങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി ഒരു കമ്മറ്റിയെ നിയോഗിച്ചു. കൊച്ചി ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, കൊച്ചി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയമിച്ചത്.
എന്നാൽ മൂന്നംഗ സമിതി സുപ്രീംകോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്,
2010 ൽ മരട് പഞ്ചയാത്ത് നഗരസഭാ/മുനിസിപ്പാലിറ്റിയായി ഉയർത്തി എന്നത് യാഥാർഥ്യമാണ് എന്നാൽ പ്രസ്തുത പ്രദേശം ഇപ്പോഴും സി.ആർ സോൺ മാപ്പിങ്ങിൽ ഇപ്പോൾ സോൺ 3 ഇൽ ആണ്. കേന്ദ്ര ഗവണ്മെന്റ് ഈ പ്രദേശം CRZ 2 ൽ ഉൾപ്പെടുത്തി റേറ്റ് നോട്ടിഫൈ ചെയ്തതിനു അംഗീകാരം നൽകിയിട്ടില്ല. നിലവിലെ നിയമം അനുസരിച്ച് സി.ആർ സോൺ – 3 ൽ ഉൾപ്പെടുന്ന ഈ സ്ഥലത്ത് ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടുള്ളതല്ല. 2011 മുതൽ ഇത്തരത്തിൽ ഒരു പ്രദേശവും റീ നോട്ടിഫൈ ചെയ്യുന്നത് കേന്ദ്ര ഗവണ്മെന്റ് താത്കാലികമായി മരവിപ്പിച്ചിരുന്നു. സുരക്ഷാ മേഖലകൾക്കും , പ്രതിരോധ മേഖലകൾക്കും മാത്രമാണ് ഇളവ് ലഭിച്ചതും റീ നോട്ടിഫൈ ചെയ്തതും.
പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്കിയെങ്കിലും ഫ്ലാറ്റുകൾ നിർമ്മിച്ച സ്ഥലങ്ങൾ ഇപ്പോഴും CRZ 3 ൽ ഉൾപ്പെടുന്ന സ്ഥലമാണ് അവിടെ നിർമ്മാണം പൂർണ്ണമായും നിരോധിച്ച പ്രദേശങ്ങളാണ് എന്നാണ് കമ്മറ്റി റിപ്പോർട്ട് നൽകിയത്.
സുപ്രീംകോടതി ഫ്ളാറ്റിലെ താമസക്കാർക്ക് പറയാനുള്ളത് കേട്ടില്ല എന്നത് ശരിയാണോ ? ❓
👉അല്ല. കൊച്ചി ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, കൊച്ചി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരെ അംഗങ്ങളാക്കി സുപ്രീംകോടതി കമ്മറ്റി രൂപീകരിക്കുകയും എല്ലാ ബന്ധപ്പെട്ട ആളുകൾക്കും പറയാനുള്ളത് കേട്ടിട്ട് റിപ്പോർട്ട് നൽകാനുമാണ് ആവശ്യപ്പെട്ടത് consult all stake-holders എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
എന്നാൽ ബന്ധപ്പെട്ട കളക്റ്ററും, സെക്രട്ടറിയുമൊന്നും തങ്ങളുമായി ചർച്ച നടത്തിയില്ല എന്ന പരാതി ഫ്ളാറ്റിലെ താമസക്കാർ ഉന്നയിച്ചു. കമ്മറ്റിയുടെ വീഴ്ച കൃത്യസമയത്ത് കോടതിയെ ബോധിപ്പിക്കാൻ ഫ്ളാറ്റിലെ താമസക്കാർക്ക് സാധിച്ചില്ല.
2007 ൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത അന്നുമുതൽ ഈ ഫ്ലാറ്റുകൾ അനധികൃത നിർമ്മാണത്തിന് നിയമ നടപടികൾ നേരിടുന്നതാണ് എന്നറിഞ്ഞിട്ടും ഫ്ലാറ്റുകൾ മേടിക്കുകയും പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മാരത്തോൺ നിയമനടപടികളും കേസുകൾ നടന്നപ്പോഴും മരടിലെ ഫ്ലാറ്റുകൾ വാങ്ങിയ ഒരാൾപോലും കേസിൽ കക്ഷിചേരുകയോ തങ്ങൾക്ക് പറയാനുണ്ട് എന്ന് പറയുകയോ ചെയ്തിട്ടില്ല. ഏറ്റവും ഒടുവിൽ സുപ്രീംകോടതി വിധിവരുന്നതുവരെ മിണ്ടാതിരുന്ന ശേഷം വിധി എതിരായപ്പോൾ തങ്ങളെ കേട്ടില്ല എന്നുപറയുന്നത് ബാലിശമാണ്.
ഫ്ളാറ്റിലെ താമസക്കാരുൾപ്പെടെ കേസിൽ ബന്ധപ്പെട്ട എല്ലാവർക്കും അവർക്ക് പറയാനുള്ള അവസരം നൽകി റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച കമ്മറ്റിക്ക് മുൻപാകെ എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കാനോ, പരാതിപറയാനോ താമസക്കാരിൽ ആരും പോയിട്ടില്ല എന്നതും ഫ്ലാറ്റ് മേടിച്ചവരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതരമായ വീഴ്ചയാണ്.
ഏറ്റവും ഒടുവിലെ സുപ്രീംകോടതി വിധിയിൽ എന്താണ് പറയുന്നത്❓സുപ്രീംകോടതിയുടെ ഈ കർക്കശ നിലപാട് എന്തുകൊണ്ടാണ് ?❓
👉സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23 ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന ഭീഷണിയും സുപ്രീം കോടതി നടത്തി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളുകയും ചെയ്തു.
ഈ കേസിൽ അനുകൂല വിധി സമ്പാദിക്കാൻ ഫ്ലാറ്റ് ഉടമകളുടെ അഭിഭാഷകർ നടത്തിയ അതിരുകടന്ന കളികൾ ആയിരുന്നു ഒടുവിൽ അവർക്കു വിനയായത്. ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ സ്റ്റേ വാങ്ങിയതിലെ കള്ളക്കളികൾ ജസ്റ്റീസ് അരുൺ മിശ്രയെ ചൊടിപ്പിച്ചിരുന്നു. അതിന് ശേഷം ഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാൻ ഫ്ളാറ്റ് ഉടമകൾ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു.
ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളിയത്. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത് എന്നും കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തിരുന്നു.
ഇനി ഈ വിഷയത്തിൽ നിയമപരമായി അവശേഷിക്കുന്ന സാധ്യതകൾ എന്താണ് ? ❓
👉റിവ്യൂ ഹർജികൾ തള്ളിയ സ്ഥിതിക്ക് ഏറ്റവും അവസാനത്തെ ലീഗൽ സാധ്യത എന്നത് കുറേറ്റിവ് ഹർജ്ജിയാണ്. കുറേറ്റിവ് ഹർജി എന്നത് ഒരു ഭരണഘടനാ അപ്പീലോ റിവ്യൂവോ അല്ല. എക്സ്ട്രാ ജുഡീഷ്യൽ സാഹചര്യമാണ്. 2002 മുതലാണ് കുറേറ്റിവ് പെറ്റിഷൻ എന്നൊരു സാധ്യത പോലും സുപ്രീംകോടതി സൃഷ്ടിക്കുന്നത്.
ഏതൊരു പൗരനും, ഒരു കേസിലും നാച്ചുറൽ ജസ്റ്റിസിന്റെ ലംഘനമുണ്ടായിട്ടില്ല എന്ന ഉറപ്പിന് വേണ്ടി ഒരു അന്തിമ പരിശോധനയ്ക്കുള്ള സാധ്യതയായ കുറേറ്റിവ് ഹർജ്ജിക്കുള്ള അവസരം നൽകിവരുന്നത്. സാധ്യത പോയന്റ് ഒരു ശതമാനം മാത്രമാണ്. 2002 മുതൽ അകെ രണ്ട് കുറേറ്റിവ് ഹർജ്ജി മാത്രമാണ് വിജയിച്ചിട്ടുള്ളത്. Rupa Ashok Hurra vs Ashok Hurra & Anr എന്ന 2002 ലെ കേസിലാണ് കുറേറ്റിവ് ഹര്ജി എന്ന അവസാനത്തിൽ അവസാനത്തെ സാധ്യതയുള്ളത്.
കുറേറ്റിവ് ഹർജികൾ ഈ കേസിൽ നൽകിയിട്ടുണ്ടോ ?❓
👉ഫ്ലാറ്റ് ഉടമകൾ ഉൾപ്പെടെ നൽകിയ കുറേറ്റിവ് ഹർജ്ജികൾ സുപ്രീംകോടതി രജിസ്ട്രി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കുറേറ്റിവ് ഹർജികൾ നേരത്തെ കേസിൽ വിധി പറഞ്ഞ ജഡ്ജിമാരുടെ ചേമ്പറുകളിലായിരിക്കും പരിഗണിക്കുക. തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്.
ഈ കേസിനു സമാനമായ രീതിയിൽ നിയമലംഘനങ്ങളുടെ പേരിൽ കെട്ടിടങ്ങൾ പൊളിച്ച നീക്കിയിട്ടുണ്ടോ ?
തീർച്ചയായും. ഏറ്റവും ഒടുവിൽ ഒരുമാസം മുൻപാണ് തലസ്ഥാന നഗരമായ ഡൽഹിയിലെ വനത്തിനുള്ളിൽ അനധികൃതമായി നിർമ്മിക്കപ്പെട്ട 500 വര്ഷം പഴക്കമുള്ള ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും പോലീസ് കാവലിൽ പൂർണ്ണമായും പൊളിച്ചു നീക്കിയത്.
Vamika Island v. Union of India and Ors കേസിലും, Piedade Filomena Gonsalves v. State of Goa കേസിലും, അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും നടപ്പിലാക്കുകയും ചെയ്തത് കോടതി വിധിയിൽത്തന്നെ എടുത്ത് പറയുന്നുണ്ട്.
സുപ്രീംകോടതി വിധികൾ നടപ്പിലാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും ?❓
👉ഭരണഘടന നിയമത്തിലെ Separation of powers എന്ന doctrine ൽ വിശ്വസിക്കുന്ന നമ്മുടെ നാട്ടിൽ ജുഡീഷ്യറിയും , എക്സികുട്ടീവും വ്യത്യസ്ത അധികാര ദ്രുവങ്ങൾ ആണെങ്കിലും സുപ്രീംകോടതിയുടെ വിധി അന്തിമ വാക്കാണ്. വിധി അനുസരിച്ചില്ലെങ്കിൽ സർക്കാരിന്റെ ഏറ്റവും ഉന്നത എക്സികുട്ടീവ് പ്രതിനിധിയായ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ജയിലിൽ അടയ്ക്കാം. കോടിക്കണക്കിനു രൂപ സർക്കാരിൽ നിന്നും പിഴ ഈടാക്കാം. ഭരണഘടന കോടതിയുടെ ഉത്തരവ് നടപ്പിലാക്കാത്ത സംസ്ഥാനത്തെ പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാം. ജുഡീഷ്യൽ ആക്റ്റിവിസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന വിധികൾ നടപ്പിലാക്കാനുള്ള മുൻകൈ എടുക്കുന്ന ഒരു രീതികൂടെ നമ്മുടെ കോടതികൾ അനുവർത്തിച്ചുവരാറുണ്ട്.
‘guardian angel of fundamental rights " ഭരണഘടനയുടെ കാവലാളായ സുപ്രീംകോടതി വിധി ധിക്കരിച്ചു സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കില്ല.
പോലീസ് മുതൽ സായുധ സൈന്യത്തിന്റെ വരെ സഹായം ഉറപ്പാക്കിക്കൊണ്ട് ഭരണഘടനാ കോടതിയുടെ വിധി നടപ്പിലാക്കാനുള്ള നടപടികൾ സുപ്രീംകോടതിക്ക് സ്വീകരിക്കാം. അത്തരത്തിൽ സായുധ പോലീസിനെ അണിനിരത്തിയാണ് ആഴ്ചകൾക്ക് മുൻപ് ഡൽഹിയിലെ 500 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിക്കാനുള്ള വിധി സുപ്രീംകോടതി നടപ്പിലാക്കിയത് .
ഈ വിധിക്കെതിരെ നിയമ നിർമ്മാണം സാധ്യമല്ലേ ?❓
👉മുൻകാല പ്രാബല്യത്തോടെ ഒരു നിയമലംഘനം അനുവദിച്ചു നൽകാനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാരിന് സാധിക്കില്ല. ആത്യന്തികമായി മൗലികാവകാശത്തിനു കീഴിൽ വരുന്ന നിയമലംഘനമായി ഇതിനെ കണക്കാക്കാമെന്നതിനാൽ നിയമനിർമ്മാണമോ ഇളവോ നൽകുന്നത് ഭരണഘടന വിരുദ്ധമാകുകയും റദ്ദാക്കപ്പെടുകയും ചെയ്യും.
വാൽ : ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പൊതു ബോധത്തിനൊപ്പം നിൽക്കാതെ കർക്കശമായ നിലപാടെടുത്ത വിധി പ്രഖ്യാപിച്ച ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കും മറ്റു ന്യായാധിപന്മാർക്കും വിപ്ലവാഭിവാദ്യങ്ങൾ നേരുന്നതോടൊപ്പം നിയമങ്ങളും സാഹചര്യങ്ങളും ഇങ്ങനെയൊക്കെയാണെങ്കിലും ജീവിത സ്വപ്നമായി അദ്ധ്വാനിച്ചതെല്ലാം ഒരുക്കൂട്ടി മേടിച്ച കിടപ്പാടങ്ങൾ നഷ്ടമാകുന്ന ഫ്ളാറ്റിലെ താമസക്കാർക്ക് ലഭ്യമായ എല്ലാ നഷ്ടങ്ങളും നികത്തി ലഭിക്കാനുള്ള നിയമ നടപടികൾ സൗജന്യമായി സർക്കാർ ചെയ്തു നൽകേണ്ടതാണ്. ഇവരെ താത്കാലികമായി പുരനരധിവസിപ്പിക്കാനുള്ള കാര്യങ്ങൾക്കും സർക്കാരിന് ഉത്തരവാദത്വമുണ്ട്.
അഡ്വ ശ്രീജിത്ത് പെരുമന
No comments:
Post a Comment