Thursday, February 21, 2019

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിന്യായത്തിലെ പ്രധാന ബിന്ദുക്കൾ

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ 75 പേജുള്ള ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിന്യായത്തിലെ പ്രധാന ബിന്ദുക്കൾ
1. ഭരണഘടനയുടെ ആമുഖം തന്നെ വിശ്വാസത്തിനും ആചാരത്തിനുമുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
2. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളില്‍ സ്വന്തം മതവിശ്വാസം സ്വാതന്ത്ര്യത്തോടുകൂടി ആചരിക്കുന്നതിനുള്ള അവകാശവും നല്‍കുന്നുണ്ട്.
3. യുക്തിയുടെ കണ്ണിലൂടെയല്ല മതവിശ്വാസത്തെ പലപ്പോഴും നോക്കേണ്ടത്.
4. ആചാരങ്ങള്‍ വിവേകപൂര്‍ണ്ണമാണോ അവയ്ക്ക് യുക്തിയുണ്ടോ ഇല്ലയോ എന്നത് പ്രശ്‌നമല്ല.
5. ഭരണഘടനയുടെ 25,26 വകുപ്പുകള്‍ വ്യക്തികള്‍ക്ക് വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അധികാരം നല്‍കുന്നുണ്ട്.
6. മതസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും അവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കാനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 26 പ്രകാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.
7. ശബരിമലയ്ക്ക് വ്യതിരിക്തമായ സ്വഭാവമാണുള്ളത്. അതു കൊണ്ട് അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക വിഭാഗമെന്ന വാദം അംഗീകരിക്കേണ്ടതുണ്ട്.
8. സര്‍ക്കാരിന് ഫണ്ട് ലഭിക്കുന്നത് ദേവസ്വം ബോര്‍ഡില്‍ നിന്നാണ്. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്നല്ല.
9. ആഴത്തിലുള്ള മതപരമായ വിഷയങ്ങളില്‍ കോടതി ഇടപെടേണ്ടതില്ല. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിര്‍ത്താന്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടരുത്.
10. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടാല്‍ ക്ഷേത്രത്തിന്റെ സ്വഭാവത്തെ തന്നെ വിരുദ്ധമായി ബാധിക്കും.
11. സതി പോലെ ജീവഹാനി ഉണ്ടാക്കുന്ന ദുരാചാരങ്ങളില്‍ മാത്രം നിയമം ഇടപെട്ടാല്‍ മതി.
12. ശബരിമല കേസില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
13. ശബരിമല ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ പരിരക്ഷ ഉണ്ട്.
14. അയ്യപ്പന്‍ എന്നത് നൈഷ്ഠിക ബ്രഹ്മചാരിയാണ്. ആര്‍ട്ടിക്കിള്‍ 25(1) പ്രകാരമുള്ള അവകാശങ്ങള്‍ മൂര്‍ത്തിക്കുണ്ട്.
15. തൊട്ടുകൂടായ്മയുടെ വിഭാഗത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ വരില്ല.
16. തൊട്ടുകൂടായ്മയുടെ വിഭാഗങ്ങളിലൊന്നും സ്ത്രീകള്‍ വരുന്നില്ല. ഹരിജനങ്ങള്‍ക്ക് നേരേ നടക്കുന്ന വിവേചനങ്ങള്‍ക്ക് മാത്രമേ തൊട്ടുകൂടായ്മ എന്ന വാക്ക് ബാധകമാകൂ.
17. ശബരിമലയില്‍ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചരിത്രപരവും വിശ്വാസപരവും ആചാരങ്ങളുടെ ഭാഗവുമായാണ്.
18. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17ന്റെ അകത്തു നിന്നുകൊണ്ടുള്ള ചെറിയ നിയന്ത്രണങ്ങള്‍ മാത്രമാണ് ശബരിമലയിലുള്ളത്.
19. മറ്റെല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠ ആണ് എന്നതാണ് ഇവിടെ പ്രത്യേകത.
20. ഇന്ത്യയില്‍ നാനാവിധത്തിലുള്ള ആചാരങ്ങള്‍ ഉണ്ട്. ബഹുസ്വര സമൂഹത്തില്‍ ഭരണഘടനാപരമായ ധാര്‍മ്മികത യുക്തിസഹമല്ലാത്ത ആചാരങ്ങളും അനുവദിക്കുന്നുണ്ട്.
21. മതാചാരങ്ങള്‍ തുല്യതയ്ക്കുള്ള അവകാശത്തിന്റെ ഉരകല്ലില്‍ തട്ടിച്ചു നോക്കേണ്ടതില്ല.

No comments:

Post a Comment