http://www.mathrubhumi.com/money/loans/for-loan-and-investment-malayalam-news-1.1521506
നിധി കമ്പനികളുടെ സേവനങ്ങളിൽ പരാതികൾ ഉണ്ടായാൽ പരിഹാരത്തിനായി രജിസ്ട്രാർ ഓഫ് കമ്പനീസിനെയോ കൺസ്യൂമർ ഫോറത്തിനെയോ സമീപിക്കാമെന്ന് നിധി റൂൾ നിർദേശിക്കുന്നു. നിധി കമ്പനി നിയമം വ്യാഖ്യാനിക്കുന്ന വ്യവസ്ഥകൾ പൂർണമായും പാലിച്ചുപോകുന്ന കമ്പനികൾ നിക്ഷേപകന്റെ ആസ്തിക്ക് ശക്തിയും സുരക്ഷയും നൽകുന്നു എന്നതിനു പുറമെ നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു നിർണായക ഘടകമായി വർത്തിക്കും. ശേഷിയുള്ളവർക്ക് മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുകയുള്ളു. വരുമാനമുണ്ടെന്ന് ബോധ്യപ്പെടണമെങ്കിൽ സാലറി സർട്ടിഫിക്കറ്റ് പോലുള്ള വരുമാന രേഖകൾ വേണം. തിരിച്ചടയ്ക്കാൻ കഴിയുമെങ്കിലും രേഖകളൊന്നും നൽകാനില്ലെങ്കിൽ വായ്പ കിട്ടുമെന്ന പ്രതീക്ഷ വേണ്ട.
ഇതിന് പരിഹാരമാണ് രാജ്യത്ത് കാലാകാലങ്ങളായുള്ള പരസ്പര സഹായ ഫണ്ടുകൾ. കേന്ദ്ര കമ്പനികാര്യ വകുപ്പിന്റെയും റിസർവ് ബാങ്കിന്റെയും നേരിട്ടുള്ള നിയന്ത്രണം വന്നതോടെ ‘ നിധി’ ക്ക് തിളക്കമേറുകയാണ്. ‘ നിധി’ എന്നാൽ ധനകാര്യ ഭാഷയിൽ പരസ്പര സഹായ ബാങ്കിങ് സംരംഭം. ചുരുക്കത്തിൽ കേന്ദ്ര സർക്കാറിന്റെ ‘ നിധി റൂൾസ് 2014’ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു പബ്ലിക് ലിമിറ്റഡ് ഫിനാൻസ് കമ്പനി. വാണിജ്യ ബാങ്കുകളിലുള്ളതു പോലെ സേവിങ്സ് നിക്ഷേപം, ദൈനംദിന നിക്ഷേപം, റെക്കറിങ് നിക്ഷേപം, സ്ഥിര നിക്ഷേപം തുടങ്ങി വായ്പ വരെയുള്ള ഇടപാടുകൾ നടത്താൻ അനുവാദമുള്ളതു കൊണ്ട് നിധി കമ്പനി ഒരു അർധ ബാങ്കിങ് സ്ഥാപനമെന്ന നിലയിൽ ആർ.ബി.ഐ.യുടെ പൂർണ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്.
‘ നിധി’ കമ്പനിയിൽ ഓഹരിയെടുത്ത് അംഗത്വം ലഭിക്കുന്നവർക്ക് മാത്രമേ ഇടപാടുകൾ നടത്താൻ അവകാശമുള്ളു. പത്ത് രൂപ മുഖവിലയുള്ള ഓഹരി എടുത്താൽ ആർക്കും നിധിയിൽ അംഗമാകാം. അംഗത്വത്തിന് കെ.വൈ.സി. നിബന്ധനകൾ ബാധകമായിരിക്കും. ദൈനംദിന നിക്ഷേപം, ആവർത്തന നിക്ഷേപം, വായ്പ എന്നിവയ്ക്ക് പത്ത് രൂപയുടെ ഒരു ഓഹരി മതി. സ്ഥിര നിക്ഷേപങ്ങൾക്ക് ചുരുങ്ങിയത് പത്ത് ഓഹരികളെങ്കിലും (നൂറ് രൂപ) വേണം.
നിക്ഷേപ പലിശ അടിക്കടി കുറഞ്ഞുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, സാധാരണ നിക്ഷേപകർക്ക് നിധി കമ്പനികൾ ആശ്വാസം പകരും. ബാങ്കിങ് ഇതര കമ്പനികൾ (എൻ.ബി.എഫ്.സി.), നിക്ഷേപകർക്ക് കൊടുക്കുന്ന പരമാവധി നിക്ഷേപ നിരക്കിൽ നിധി കമ്പനികൾക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാവുന്നതാണ്.
നമ്മുടെ രാജ്യത്തെ നിധി കമ്പനികൾ 10.50 മുതൽ 12 ശതമാനം വരെ പലിശ നൽകി സ്ഥിര നിക്ഷേപം സ്വീകരിച്ചു വരുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകൾക്ക് ബാങ്കുകൾ നാല് ശതമാനം പലിശ നൽകുമ്പോൾ നിധി കമ്പനികൾക്ക് ആറ് ശതമാനം പലിശ വാഗ്ദാനം നൽകാൻ നിയമമുണ്ട്. ആവർത്തന നിക്ഷേപ പദ്ധതികൾക്ക് (റെക്കറിങ് ഡെപ്പോസിറ്റ്) സ്ഥിര നിക്ഷേപ നിരക്ക് തന്നെ ബാധകമാണ്.
നിധി കമ്പനികൾ സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേപങ്ങളും സ്വീകരിക്കുന്നത് നിബന്ധനകൾക്ക് വിധേയമായാണ്:
1. നിക്ഷേപത്തിന്റെ ചുരുങ്ങിയ കാലാവധി ആറ് മാസവും പരമാവധി അഞ്ച് വർഷവുമായിരിക്കണം.
2. നിക്ഷേപിച്ച് മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപത്തുക പിൻവലിക്കാൻ വ്യവസ്ഥയില്ല.
3. നിക്ഷേപത്തുക മൂന്ന് മാസത്തിനു ശേഷം ആറ് മാസത്തിനകം പിൻവലിക്കുന്ന പക്ഷം പലിശയ്ക്ക് അർഹതയുണ്ടാവില്ല.
4. നിക്ഷേപത്തുക കാലാവധിയെത്തും മുമ്പ് പിൻവലിക്കുകയാണെങ്കിൽ നിക്ഷേപിച്ച കാലത്തിന് ബാധകമായ നിരക്കിന്റെ രണ്ട് ശതമാനം കുറഞ്ഞ നിരക്കിൽ മാത്രമേ പലിശയ്ക്ക് അർഹതയുണ്ടാവുകയുള്ളു.
5. മരണം സംഭവിക്കുന്ന നിക്ഷേപകരുടെ കാര്യത്തിൽ നിക്ഷേപം കാലാവധി തികയ്ക്കും മുമ്പേ അവകാശികൾ പിൻവലിക്കുന്ന പക്ഷം മേല്പറഞ്ഞ നിബന്ധന ബാധകമല്ല.
നിധി കമ്പനിയിൽ അംഗത്വമുള്ളവർക്ക് വായ്പ ലഭിക്കാൻ അർഹതയുണ്ട്. പ്രധാനമായും പണ്ടം പണയ വായ്പ, വസ്തു പണയ വായ്പ തുടങ്ങിയവ ലഭിക്കാൻ അർഹതയുണ്ട്. എൽ.ഐ.സി. പോളിസികൾ, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ, ഫിക്സഡ് ഡെപ്പോസിറ്റ് ബോണ്ടുകൾ തുടങ്ങിയവയുടെ ജാമ്യത്തിൽ നൽകുന്ന വായ്പയുമുണ്ട്.
നിക്ഷേപങ്ങൾക്ക് നിധി കമ്പനി കൊടുക്കുന്ന പരമാവധി പലിശ നിരക്കിനേക്കാൾ 7.5 ശതമാനം കൂടുതൽ വരെ വായ്പകളിന്മേൽ പലിശ ഈടാക്കാം.
നിധി കമ്പനികൾ പാലിക്കേണ്ട മറ്റ് നിബന്ധനകൾ:
1. കമ്പനി പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകം 200 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.
2. അംഗങ്ങൾക്കിടയിൽ മിതവ്യയം, സമ്പാദ്യശീലം, പരസ്പര സഹായം തുടങ്ങിയവ വളർത്തുന്നതോടൊപ്പം ആവശ്യമുളള അംഗങ്ങൾക്ക് അർഹതയനുസരിച്ച് വായ്പ അനുവദിച്ചുകൊടുക്കുക എന്നതായിരിക്കണം കമ്പനിയുടെ ഉദ്ദേശ്യ ലക്ഷ്യം.
3. നിധി കമ്പനി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തതായിരിക്കണം. ചുരുങ്ങിയ ഓഹരി മൂലധനം അഞ്ച് ലക്ഷം രൂപ.
4. കമ്പനിയുടെ പേരിനൊപ്പം ‘ നിധി ലിമിറ്റഡ്’ എന്ന് ചേർത്തിരിക്കണം.
5. ചിട്ടി ബിസിനസ്, ഹയർ പർച്ചേസ് ഫിനാൻസ്, ലീസിങ് ഫിനാൻസ്, ഇൻഷുറൻസ് ഇടപാടുകൾ, മറ്റ് കമ്പനികളിലുള്ള സെക്യൂരിറ്റി വാങ്ങൽ എന്നിവ ഏറ്റെടുക്കാൻ പാടുള്ളതല്ല.
6. നിക്ഷേപങ്ങൾ സ്വരൂപിക്കാൻ യാതൊരുവിധ പരസ്യവും ചെയ്യരുത്.
7. ഓഹരി വിൽക്കുന്നതിൽ സർവീസ് ചാർജുകളൊന്നും ഈടാക്കരുത്.
8. കമ്പനിയുടെ അറ്റ ആസ്തി (നെറ്റ് ഓൺ ഫണ്ട്) പത്ത് ലക്ഷം രൂപയിൽ കുറയരുത്.
9. മൊത്തം െഡപ്പോസിറ്റ് തുകയുടെ 10 ശതമാനം ഒരു ഷെഡ്യൂൾഡ് ബാങ്കിൽ കമ്പനിയുടെ പേരിൽ ബാധ്യതയില്ലാത്ത സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം.
10. അറ്റ ആസ്തി തുകയുടെ 20 ഇരട്ടിയിൽ കൂടുതൽ, അംഗങ്ങളിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കരുത്.
11. കിട്ടാക്കടമായി മാറിയ വായ്പകൾക്ക് പലിശ ചുമത്തി നിധി കമ്പനികൾ വരുമാനം കൂട്ടി കാണിക്കരുതെന്നും വ്യവസ്ഥയുണ്ട്.
നിധി കമ്പനികളുടെ സേവനങ്ങളിൽ പരാതികൾ ഉണ്ടായാൽ പരിഹാരത്തിനായി രജിസ്ട്രാർ ഓഫ് കമ്പനീസിനെയോ കൺസ്യൂമർ ഫോറത്തിനെയോ സമീപിക്കാമെന്ന് നിധി റൂൾ നിർദേശിക്കുന്നു. നിധി കമ്പനി നിയമം വ്യാഖ്യാനിക്കുന്ന വ്യവസ്ഥകൾ പൂർണമായും പാലിച്ചുപോകുന്ന കമ്പനികൾ നിക്ഷേപകന്റെ ആസ്തിക്ക് ശക്തിയും സുരക്ഷയും നൽകുന്നു എന്നതിനു പുറമെ നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു നിർണായക ഘടകമായി വർത്തിക്കും.
ഒരു നിധി കമ്പനിയുടെ ഡയറക്ടറെ മാറ്റാൻ ആർക്കാണ് അധികാരം
ReplyDelete